കാഠ്മണ്ഡു: സാമൂഹിക മാധ്യമങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയതിന് പിന്നാലെ നേപ്പാളിലുണ്ടായ പ്രക്ഷോഭത്തിൽ 14 പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. ജെൻ സി എന്നറിയപ്പെടുന്ന 26 വയസിന് താഴെയുള്ള യുവതി-യുവാക്കളാണ് പ്രതിഷേധവുമായി തെരുവിലിറങ്ങിയത്.
പലയിടത്തും പ്രതിഷേധക്കാരും പോലീസും തമ്മിൽ തെരുവിൽ ഏറ്റുമുട്ടി. ഇതിനുപിന്നാലെ രാജ്യതലസ്ഥാനമായ കാഠ്മണ്ഡുവിന്റെ വിവിധ ഭാഗങ്ങളിൽ ഭരണകൂടം കർഫ്യു ഏർപ്പെടുത്തി.
അതിനിടെ പ്രതിഷേധക്കാരിൽ ചിലർ നേപ്പാൾ പാർലമെന്റിലേക്ക് അതിക്രമിച്ച് കയറാൻ ശ്രമം നടത്തി. ഇവരെ പിരിച്ചുവിടാൻ പോലീസ് കണ്ണീർവാതകവും റബർ ബുള്ളറ്റുകളും ഉപയോഗിച്ചത് സംഘർഷം കൂടുതൽ രൂക്ഷമാക്കി.
സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാകുന്നത് വരെ കർഫ്യു തുടരുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.